കൊച്ചി: തൃശൂർ ആസ്ഥാനമായുള്ള ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന് നടപ്പുസാന്പത്തികവർഷത്തെ മൂന്നാംപാദത്തിൽ ഏഴുകോടി രൂപ അറ്റാദായം. മുൻവർഷത്തെ സമാനപാദത്തിൽ 211 കോടി രൂപയുടെയും നടപ്പുസാന്പത്തികവർഷത്തെ രണ്ടാംപാദത്തിൽ 115.81 കോടി രൂപയുടെയും നഷ്ടത്തിനു ശേഷമാണ് ബാങ്ക് ലാഭത്തിലേക്കുയർന്നത്.
സുരക്ഷിതവായ്പകൾ, സ്വർണവായ്പകൾ, ആസ്തി ഗുണമേന്മ തുടങ്ങിയ മേഖലകളിൽ വളർച്ച രേഖപ്പെടുത്തി. ബാങ്ക് കൈകാര്യംചെയ്യുന്ന മൊത്തം ബിസിനസ് 10 ശതമാനം വാർഷികവളർച്ചയോടെ 44,686 കോടി രൂപയിലെത്തി. മൊത്തം വായ്പ 13.1 ശതമാനം വളർച്ചയോടെ 20,679 കോടി രൂപയിലും ആകെ നിക്ഷേപം 7.1 ശതമാനം വളർച്ചയോടെ 24,006 കോടി രൂപയിലുമെത്തി.
സുരക്ഷിതവായ്പകളിലുണ്ടായ വർധനവാണ് ബാങ്കിനു നേട്ടമായത്. 149 ശതമാനം വാർഷികവളർച്ചയോടെ 10,530 കോടി രൂപയാണ് സുരക്ഷിതവായ്പയിൽ നേടാനായത്. സ്വർണവായ്പകളിലും മികച്ച പുരോഗതിയാണ് ബാങ്കിനുള്ളത്.
ആസ്തിഗുണമേന്മ വർധിച്ചതും നിഷ്ക്രിയ ആസ്തികൾ കുറഞ്ഞതും ബാങ്ക് നടപ്പാക്കിയ ശക്തമായ നയങ്ങളുടെ ഫലമാണെന്ന് ഇസാഫ് ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഡോ.കെ. പോൾ തോമസ് പറഞ്ഞു. സാങ്കേതികവിദ്യയിലുള്ള നിക്ഷേപം പ്രവർത്തനക്ഷമതയെയും ഉപഭോക്തൃസേവനത്തെയും കൂടുതൽ മെച്ചപ്പെടുത്തിയെന്നും സുസ്ഥിരമായ വളർച്ച കൈവരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.